ലോക്ക്ഡൗണിന്റെ ഈ കാലഘട്ടത്തിൽ ഒാരോ കുടുംബത്തിലും മാറ്റത്തിന്റെ ഇളംനാന്പുകൾ ദൃശ്യമാണ്. ഒരുമിച്ചു ചെലവഴിക്കുന്ന ഓരോ നിമിഷവും നാളത്തേക്കുള്ള നല്ല ഓർമകളാണ്. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം ചെയ്യുന്ന ഓരോ കാര്യങ്ങളിലും സന്തോഷം കണ്ടെത്താനും അവ ഉത്സാഹത്തോടെ ചെയ്യാനും നാം ശ്രമിക്കണം.
വീട് വിദ്യാലയമാക്കാം
വിദ്യാഭ്യാസരംഗത്ത് മറ്റൊരു കുതിപ്പിനും ഈ ദിവസങ്ങൾ വഴിയൊരുക്കുന്നു. “വിദ്യാഭ്യാസം സ്കൂളിൽ മാത്രം’’ എന്ന പഴഞ്ചൻ ശൈലിയിൽ നിന്ന് ‘സ്കൂളും വീടും വിദ്യാഭ്യാസത്തിന്’ എന്ന പുതിയ വഴിലേക്കു ചുവടുമാറുവാനുള്ള അനുയോജ്യമായ സമയമാണിത്.
മിക്കവാറും കേവലം ഔപചാരികമായി മാത്രം നടക്കുന്ന അധ്യാപക-രക്ഷാകർതൃ സമ്മേളനങ്ങളെ ഉടച്ചുവാർക്കണം. കുട്ടികളെ പഠനത്തിന്റെ സുവർണപാതയിൽ കൈപിടിച്ചു നടത്തുന്നതിനുവേണ്ടി, കൂടുതൽ അർഥപൂർണവും സുദീർഘവുമായ പങ്കാളിത്തം നൽകിക്കൊണ്ട് മാതാപിതാക്കളെ സാമോദം ക്ഷണിക്കുക.
വീടുകളും സ്കൂളുകളും തമ്മിൽ പരസ്പരം കൈകോർത്ത് കരുത്താർജിക്കുവാൻ അനുയോജ്യമായ സമയമാണിത്. വിദ്യാർഥികൾ സ്വന്തം വീടുകളിൽ കഴിയുന്ന ഈ സമയത്ത് അവരെ സമഗ്രമായി മനസിലാക്കുവാൻ ശ്രമി ക്കണം. ഇതിനായി മാതാപിതാക്കളുടെ സഹകരണം ഉറപ്പാക്കാവുന്നതാണ്. ഓരോ വിദ്യാർഥിയുടെയും സവിശേഷതകൾ, താത്പര്യങ്ങൾ, മനോഗതികൾ, കഴിവുകൾ, ശീലങ്ങൾ, അഭിരുചികൾ എന്നിവയെല്ലാം കണ്ടെത്തണം. അതിനായി ശാസ്ത്രീയമായി തയാറാക്കുന്ന ചോദ്യാവലികൾ മാതാപിതാക്കൾ പൂരിപ്പിച്ചു നൽകട്ടെ.
മിടുക്കരായ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്ക് സുപ്രധാനമായ പങ്കുണ്ട്. മനുഷ്യജീവിതത്തിൽ മഹാപ്രവാഹങ്ങളായ മനുഷ്യനും-മനുഷ്യനും മനുഷ്യനും-പ്രകൃതിയും പ്രകൃതിയും-പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളുടെ മാധുര്യം കുട്ടികൾക്കു പകർന്നു നൽകാൻ മാതാപിതാക്കൾക്കു സാധിക്കണം. പ്രകൃതിയെയും മനുഷ്യരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന ഉൾവെളിച്ചം കുട്ടികളുടെ ഹൃദയത്തിൽ വീഴ്ത്തുവാൻ ചെറുതും വലുതുമായ പഠനപദ്ധതികൾ കുട്ടികൾക്കു നൽകാം. അങ്ങനെ പഠനപ്രക്രിയ വിദ്യാർഥികൾക്ക് അനുപമമായ ശീലമാകട്ടെ. പഠനം സ്കൂളിൽ മാത്രം നടക്കുന്നതല്ലെന്നും അത് എവിടെയും എപ്പോഴും പൊഴിയുന്ന ഒരു തേൻമഴയാണെന്നും അവർ അറിയട്ടെ.
സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാർഥികളുടെ ഭവനത്തിൽ പോകാതെ പോകുവാൻ (വെർച്യുവൽ സന്ദർശനം) അധ്യാപകർ ഉത്സാഹിക്കണം. അതുവഴി ഓരോ വിദ്യാർഥിയുടെയും സാംസ്കാരികവും സാന്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളെ ഒപ്പിയെടുക്കുവാനും അവരുമായുള്ള ഹൃദയബന്ധം ആഴപ്പെടുത്തുവാനും സാധിക്കും. മാത്രമല്ല ഓരോ ക്ലാസിലെയും ഓരോ വിഷയത്തിലും എത്രമാത്രം പാഠ്യഭാഗങ്ങൾ പഠിക്കണമെന്നും എന്തെല്ലാം കഴിവുകൾ വികസിപ്പിക്കണമെന്നും വിശദീകരിക്കുവാൻ കഴിയും.
വിഷമകരമായ ഈ കാലയളവിൽ സ്കൂളിലെ മനശാസ്ത്രവിദഗ്ധർക്കും ഒട്ടേറെ കാര്യങ്ങൾ ചെയ്യുവാനുണ്ട്. അവർക്ക് ഓൺലൈനായി മാതാപിതാക്കളുമായി ഇടപഴകുവാനും സംശയങ്ങൾക്കു മറുപടി നൽകുവാനും അവസരമുണ്ട്. മാത്രമല്ല ഈ പ്രതിസന്ധിഘട്ടത്തിൽ കുട്ടികളുടെ മാനസികവളർച്ചയെ ത്വരിതപ്പെടുത്തുവാൻ സഹായകരമായ മാർഗനിർദേശങ്ങൾ നൽകി മാതാപിതാക്കളെ സഹായിക്കാം.
അങ്ങനെ ലോക്ക്ഡൗൺ സുദിനങ്ങൾ അനന്തമായ സാധ്യതകളുടെ ലോക്കുകൾ മുഴുവനും തുറന്നിട്ടിരിക്കുന്നു.
തയാറാക്കിയത്:
ഫാ. സണ്ണി മണിയാക്കുപാറ
(സിബിഎസ്ഇ ബോർഡ് ചെയർപേഴ്സൻ അനിത കർവാൾ പുറത്തിറക്കിയ സർക്കുലർ അടിസ്ഥാനമാക്കി തയാറാക്കിയത്)
സാധ്യതകളുടെ ‘ലോക്ക്’ തുറക്കാം, ലോക്ക്ഡൗൺ കാലത്ത്
05:30 PM Apr 09, 2020 | Deepika.com