ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ഡൽഹി എയിംസ് ഡയറക്ടർ രണ്‍ദീപ് ഗുലേറിയ രംഗത്ത്. രാജ്യത്തിന്റെ ചില മേഖലകളിൽ കൊറോണ വൈറസ് ബാധ മൂന്നാംഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു.
വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാൽ ചിലയിടങ്ങളിൽ ഇത് മൂന്നാംഘട്ടത്തിൽ എത്തിയെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
മുംബൈ പോലുള്ള പ്രദേശങ്ങളിൽ അതിവേഗം രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്ന് കണക്കുകൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇതാണ് സമൂഹവ്യാപനം എന്ന സാഹചര്യത്തിലേക്ക് വിരൽചൂണ്ടാൻ പ്രേരിപ്പിക്കുന്നത്. ചിലയിടങ്ങളിൽ സമൂഹവ്യാപനം ഉണ്ടായെങ്കിലും രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിസാമുദീനിലെ തബ്ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെയും അവർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതിൽ നിർണായകമാണ്.
ഏപ്രിൽ 10ന് ശേഷമേ സമൂഹവ്യാപനം വലിയതോതിൽ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗണ്‍ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും എയിംസ് ഡയറക്ടർ നിർദ്ദേശിച്ചു.
കരുതിയിരിക്കുക; ഇന്ത്യയിൽ സമൂഹവ്യാപനം തുടങ്ങിയെന്ന് എയിംസ് ഡയറക്ടർ
05:30 PM Apr 06, 2020 | Deepika.com