ലോക്ക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ടു പോകുന്നതിനിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മിക്ക സംസ്ഥാനങ്ങളിലും മതിയായ സൗകര്യങ്ങളില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ സർവേ റിപ്പോർട്ട്. വിവിധ ജില്ലകളിലെ കളക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ ഏജൻസിയായ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് വകുപ്പാണ് സർവേ റിപ്പോർട്ട് തയാറാക്കിയത്. മാസ്ക്, ഗ്ലൗസ്, വെന്റിലേറ്റർ എന്നിവ അടക്കം മതിയായ സൗകര്യങ്ങളില്ലെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരുകയോ ഘട്ടംഘട്ടമായി പിൻവലിക്കുകയോ ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജമ്മു കാഷ്മീർ, ബിഹാർ, അരുണാചൽ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 410 ജില്ലകളിലെ അപര്യാപ്തതകളാണ് ഓണ്‍ലൈനിലൂടെ തയാറാക്കിയിരിക്കുന്ന സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിരോധത്തിൽ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും കണ്ടെത്തി അവ പരിഹരിക്കുന്നതിനായാണ് സർവേ നടത്തിയത്.
കൊറോണ വൈറസ് ദുരന്തം സംബന്ധിച്ച വിഷയവും പ്രതിരോധത്തിന്റെ ആവശ്യകതയും ഗൗരവത്തോടെ 95 ശതമാനം ആളുകളിലും എത്തിക്കാൻ സർക്കാരിനായെന്നു സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും പറയുന്നു. പ്രാഥമിക ചികിത്സ നടത്താൻ ജില്ലാ, സബ്ജില്ലാ ആശുപത്രികൾ പൂർണമായി സജ്ജമാണ്. എന്നാൽ, പ്രതിരോധത്തിനും സംരക്ഷണത്തിനുമുള്ള (പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ്സ്- പിപിഇ) മാസക്, ഗ്ലൗസ് തുടങ്ങിയവ ആവശ്യത്തിനു ലഭ്യമല്ല.
അരുണാചൽപ്രദേശിലെ പല മേഖലകളിലും സാന്പിൾ ശേഖരണ കിറ്റുകൾ, പരിശോധനാ സൗകര്യം, പിപിഇ, ഐസിയു സൗകര്യം, വെന്റിലേറ്ററുകൾ എന്നിവ നാമമാത്രമാണ്. ആസാമിൽ മാസ്കുകളും ഗ്ലൗസുമില്ലാത്തതിനാൽ ഡോക്ടർമാർ അടക്കമുള്ളവർ രോഗം പകരുമെന്ന ആശങ്കയിലാണ്. ബിഹാർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിൽ സാനിറ്റൈസർ പോലും ലഭ്യമല്ല. ഡൽഹിയിൽ ആവശ്യത്തിനു പരിശോധനാ കിറ്റുകളില്ല. കുടിയേറ്റ തൊഴിലാളികൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ ഇതിന്റെ ക്ഷാമം രൂക്ഷമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കോവിഡ് കൂടുതൽ ആളുകളിലേക്ക് പകരാൻ തുടങ്ങിയാൽ സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്കാവൂയെന്നും ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ചുമതലയുള്ള പേഴ്സണൽ മന്ത്രാലയത്തിന്റെ പരിശോധനയിലാണ്.
ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായേ പിൻവലിക്കാവൂ എന്നു സർവേ റിപ്പോർട്ട്
11:28 AM Apr 06, 2020 | Deepika.com