കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിന് അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെ പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ളവർക്ക് സിബിഎസ്ഇ ചെയർപേഴ്സൺ അനിത കർവാൾ മാർഗനിർദേശം നല്കി.
ക്രിയാത്മകവും ഇന്നത്തെ ഗുരുതരമായ സാഹചര്യത്തിലെന്നതു പോലെ ഭാവിയിലും ഗുണപ്രദമാകുന്നതും വിദ്യാഭ്യാസരംഗത്ത് മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതുമായ പരിപാടികളെക്കുറിച്ചാണ് എട്ടു പേജുകളുള്ള കത്തിലൂടെ അവർ ബോധ്യപ്പെടുത്തിയത്.
കുട്ടികൾക്ക് പഠനദിവസങ്ങൾ നഷ്ടമായതിന് പകരമായി വീടുകൾതന്നെ വിദ്യാലയമായി മാറ്റുന്നതിനുള്ള നിർദേശമാണ് ഇവയിൽ പ്രധാനം. സംഗീതം, കല, ക്വിസ് തുടങ്ങിയ മേഖലയിലുള്ളവരുടെ സഹകരണം ഉപയോഗിച്ചുകൊണ്ട് കുട്ടികളിൽ അറിവ് നേടാനുള്ള ഉദ്വേഗം ജനിപ്പിക്കുംവിധം നവീനവും ക്രിയാത്മകവുമായ പ്രായോഗിക പഠനശൈലി വികസിപ്പിക്കുകയെന്നതും ഓൺലൈൻ ക്ലാസുകൾ നല്കുന്നതും ഗുണകരമാകും. ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അനിത ഓർമിപ്പിച്ചു.
എൻസിആർടി, എംഎച്ച്ആർഡി, ഡിജിറ്റൽ ഇഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ്(ഡിഐകെഎസ്എച്ചഎ), നാഷണൽ റിപ്പോസിറ്ററി ഓഫ് ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസ്, സ്വയം, 32 ഡിടിഎച്ച് ചാനലുകളിലൂടെ സദാസമയവും വിദ്യാഭ്യാസ പരിപാടി സംപ്രേഷണംചെയ്യുന്ന സ്വയം പ്രഭ, എൻഐഒഎസ്, സിബിഎസ്ഇ എന്നിവയുടെ യുട്യൂബ് ചാനലുകൾ, സിബിഎസ്ഇ ശിക്ഷവാണി എന്ന പോഡ്കാസ്റ്റ് ആപ്, നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ, ഐഐടി പാൽ തുടങ്ങിയവ അധ്യാപനത്തിനും വിദ്യാർഥികളുടെ പഠനത്തിനും ഉപയോഗപ്പെടുത്തണമെന്ന് അനിത കർവാൾ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
പഠനത്തുടർച്ചയ്ക്ക് സിബിഎസ്ഇയുടെ മാർഗനിർദേശം
11:14 AM Apr 06, 2020 | Deepika.com