പേനിനെതിരേ ഉപയോഗിക്കുന്ന ഔഷധം കോവിഡിനെതിരേ ഫലിക്കുമെന്ന് ഒരു സംഘം ഗവേഷകർ. ഐവർമെക്റ്റിൻ എന്ന ഔഷധം 48 മണിക്കൂറിനകം വൈറസിനെ വകവരുത്തുമെന്നാണു കണ്ടെത്തൽ. ഇതേപ്പറ്റി ജേർണൽ ഓഫ് ആന്റിവൈറൽ റിസർച്ചിന്റെ പുതിയ ലക്കത്തിൽ പ്രബന്ധമുണ്ട്.
സാർസ് കോവ് 2 (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം- കൊറോണ വൈറസ് 2 എന്നതാണു കോവിഡ് -19 രോഗമുണ്ടാക്കുന്ന വൈസിനു ശാസ്ത്രലോകം നല്കിയിട്ടുള്ള പേര്. ഈ വൈറസിനെ സെൽ കൾച്ചറിൽ നിക്ഷേപിച്ച് അതിലേക്ക് ഒന്നോ രണ്ടോ ഡോസ് ഐവർമെക്റ്റിൻ ചേർത്താൽ 48 മണിക്കൂറിനകം വൈറസ് പുനർനിർമാണശേഷിയില്ലാത്തതാകും. ഇതാണു കണ്ടുപിടിത്തം.
ഇതു കോവിഡ്-19 ചികിത്സയിൽ ഉപയോഗപ്രദമാകുമെന്നു പ്രബന്ധം തയാറാക്കിയ ഗവേഷകരായ കൈലീ വാഗ്സ്റ്റാഫും ലെയോൺ കാലിയും പറയുന്നു. ഇത് ഔഷധമാകണമെങ്കിൽ ജീവികളിലും മനുഷ്യരിലും പരീക്ഷണം നടത്തണം. ഇപ്പോഴത്തേതു ലബോറട്ടറി ഗവേഷണം മാത്രമാണ്.
വരട്ടുചൊറി, മന്ത് തുടങ്ങിയവയ്ക്കും ഐവർമെക്റ്റിൻ ഉപയോഗിക്കുന്നുണ്ട്. പേനും പേൻ പോലുള്ള പരാന്നഭോജികളായ കീടങ്ങളും വഴിയുള്ള നിരവധി രോഗങ്ങൾക്കു ഫലപ്രദമായ മരുന്നാണ് ഐവർമെക്റ്റിൻ. ഗുളികയായും ക്രീമായും ഇത് ഉപയോഗിക്കുന്നു. തൊലി, കണ്ണ്, കുടൽ തുടങ്ങിയ ഭാഗങ്ങളിലെ രോഗബാധകൾക്കാണു മനുഷ്യരിൽ ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. മൃഗങ്ങളിലും ഐവർമെക്റ്റിൻ ഉപയോഗിക്കാറുണ്ട്.
കോവിഡിനെതിരേ പേൻ നിവാരിണി
11:00 AM Apr 06, 2020 | Deepika.com