രാജ്യത്ത് കോവിഡ്-19 ബാധിച്ച് ഇന്ന് ആറ് പേർ കൂടി മരിച്ചു. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പൂനയിൽ ഇന്ന് മാത്രം മൂന്ന് പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ രണ്ട് പേരും മരിച്ചു. ഗുജറാത്തിലെ സുറത്തിൽ ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിച്ച് 79 പേർ മരിച്ചെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 267 പേർ രോഗവിമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 24 മണിക്കൂറിനിടെ 472 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,374 ആയി.
തമിഴ്നാട്ടിൽ ചെന്നൈ വണ്ണാറപ്പേട്ട, രാമനാഥപുരം സ്വദേശികളാണ് ഇന്ന് മരിച്ചത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആളാണ് ചെന്നൈയിൽ മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മഹാരാഷ്ട്രയിൽ 26 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ധാരാവിയിലും ഒരാൾക്ക് കൂടി കൊറണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 661 ആയി. 32 പേരാണ് മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച് മരിച്ചത്.
കോവിഡ്-19: രാജ്യത്ത് ഇന്ന് ആറ് മരണം കൂടി
06:35 PM Apr 05, 2020 | Deepika.com