വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചു; ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കേ​സ്

06:26 PM Apr 05, 2020 | Deepika.com
ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് കു​മാ​റി​നെ​തി​രെ കേ​സ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും ത്രി​പു​ര മു​ന്‍ എം​എ​ല്‍​എ​യു​മാ​യ സി.​എ​ച്ച്. ഗോ​പാ​ല്‍ റോ​യി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മുഖ്യമന്ത്രിക്കെതിരെ കേ​സെ​ടു​ത്ത​ത്.

മ​ണി​പ്പൂ​രി​ല്‍ 19തും കാ​രിം​ഗ​ഞ്ചി​ല്‍ 16റും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വെ​ന്ന് ബി​പ്ല​ബ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​തി​നെതി​രെ​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്ത​ത്. രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യു​ടെ വീ​ഡി​യോ​യും ഗോ​പാ​ല്‍ പോ​ലീ​സി​ന് ന​ല്‍​കി.

2020 ഏ​പ്രി​ല്‍ ര​ണ്ടി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രിന്‍റെ​യും വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് കാ​രിം​ഗ​ഞ്ചി​ല്‍ ഒ​രു കേ​സും മ​ണി​പൂ​രി​ല്‍ ര​ണ്ടു കേ​സു​ക​ളു​മാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​തെന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തി​ലൂ​ടെ വ​ള​രെ മോ​ശ​പ്പെ​ട്ട ഒ​രു സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ള്‍ ക​ട​ന്നു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ ഒ​രു വി​വ​രം പോ​ലും പ​ങ്കു​വയ്​ക്ക​രു​തെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി ത​ന്നെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണെന്നും ഗോ​പാ​ല്‍ റോ​യ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.