മാർച്ച് ഒന്നുമുതൽ മേയ് 31 വരെ എസ്ബിഐയിൽ അടയ്ക്കേണ്ട വായ്പാ തിരിച്ചടവിനു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവ് തുകയ്ക്കു പലിശ ഈടാക്കുമെന്ന് എസ്ബിഐ. വായ്പയിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് പലിശ ഈടാക്കുന്നതിനാൽ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും തിരിച്ചടവ് നടത്തുന്നതായിരിക്കും അഭികാമ്യമെന്നും എസ്ബിഐ അറിയിച്ചു.
അതേസമയം, എസ്ബിഐയിൽനിന്നും വായ്പയെടുത്തിരിക്കുന്ന എല്ലാ വായ്പക്കാർക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ആശ്വാസ പാക്കേജ് ലഭിക്കും. മോറട്ടോറിയം ലഭ്യമാകുന്നതിനു വായ്പ എടുത്തിട്ടുള്ള വ്യക്തി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. എന്നാൽ, ഗഡുക്കളുടെ തിരിച്ചടവിലേക്ക് ഓട്ടോ ഡെബിറ്റ് നിർദേശം നൽകിയിട്ടുള്ള വായ്പക്കാർ അവരുടെ നിർദേശം മൂന്നു മാസത്തേക്കു താത്കാലികമായി മരവിപ്പിക്കാനായി ബാങ്കിന്റെ വെബ് സൈറ്റിൽ (www.sbi.co.in/stopemi) ലഭ്യമാക്കിയിരിക്കുന്ന നിർദിഷ്ട ഫോമിൽ (അനുബന്ധം 1) അപേക്ഷ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ stopemi.lhotri@sbi.co.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അടയ്ക്കേണ്ട തവണകൾ ഇതിനകം സേവിഗ്സ് അക്കൗണ്ടിൽനിന്നും ഡെബിറ്റ് ചെയ്യുകയോ വായ്പക്കാർ തിരിച്ചടയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അനുബന്ധം 1 പൂർണമായും പൂരിപ്പിച്ച് ഒപ്പിട്ട് മേൽപ്പറഞ്ഞ ഇ മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അടച്ച തുക തിരികെ സേവിംഗ്സ് അക്കൗണ്ടിൽ ലഭിക്കും.
മോറട്ടോറിയം: തിരിച്ചടവു തുകയ്ക്ക് എസ്ബിഐ പലിശ ഈടാക്കും
05:00 PM Apr 05, 2020 | Deepika.com