ജർമനിയിലെ ഡോർട്ട്മുണ്ട് നഗരത്തിനു തിലകക്കുറിയായ പ്രശസ്തമായ ബോറൂസിയ ഡോർട്ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇഡുന പാർക്ക് ഭാഗികമായി മെഡിക്കൽ സെന്ററാക്കി മാറ്റുന്നു. ജർമനിയിലെ ഏറ്റവും വലിയ ഈ ഫുട്ബോൾ സ്റ്റേഡിയത്തിൽ കൊറോണ വൈറസ് ബാധിതർക്കുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കും. ബോറൂസിയ ക്ലബ് അധികൃതരാണ് തീരുമാനം പുറത്തുവിട്ടത്. സ്റ്റേഡിയത്തിന്റെ സാങ്കേതിക മികവും അടിസ്ഥാന സൗകര്യങ്ങളും വിശാലതയും ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ വിട്ടുകൊടുക്കുകയാണെന്നും അധികൃതർ അറിയിച്ചു.
81,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡ് പൂർണമായി ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലു വരെ തുറന്നിരിക്കും. നിങ്ങൾക്കു പനിയും ശ്വസന ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു പോകുക എന്നതു കേൾക്കുന്പോൾ വിചിത്രമാണ്, പക്ഷേ ഇപ്പോൾ സാഹചര്യം അങ്ങനെയാണ്- സ്റ്റാറ്റ്യൂട്ടറി ഹെൽത്ത് ഇൻഷ്വറൻസ് ഫിസിഷ്യൻസ് ചെയർമാൻ ഡിർക്ക് സ്പെൽമെയർ പറഞ്ഞു.
വൈറസിനെതിരായ പോരാട്ടത്തിൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രധാന യൂറോപ്യൻ സ്റ്റേഡിയമാണ് സിഗ്നൽ ഇഡുന പാർക്ക്. സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡ് അവരുടെ 81,000 സീറ്റുകളുള്ള സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തെ മെഡിക്കൽ ഉപകരണങ്ങൾ സംഭരിക്കാൻ നൽകിയിരുന്നു.
ഡോർട്ട്മുണ്ട് സ്റ്റേഡിയം മെഡിക്കൽ സെന്ററാക്കി മാറ്റും
04:09 PM Apr 05, 2020 | Deepika.com