ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും യൂറോ 2020 യോഗ്യതാ പ്ലേ ഓഫും അടക്കമുള്ള മത്സരങ്ങളെല്ലാം അനിശ്ചിത കാലത്തേക്ക് റദ്ദാക്കി യുവേഫ. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജൂണ്‍ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങളും വേണ്ടെന്നുവെയ്ക്കാനാണ് യുവേഫയുടെ തീരുമാനം. ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളും ഇക്കൂട്ടത്തിലുണ്ട്. യൂറോ 2020ന്റെ പ്ലേ ഓഫ് മത്സരങ്ങളും വനിത യൂറോ 2021ന്റെ യോഗ്യതാ മത്സരങ്ങളും ഇതില്‍പ്പെടും. യുവേഫയുടെ എല്ലാ മത്സരങ്ങളും യൂറോപ്യന്‍ രാജ്യങ്ങളുടെ അന്താരാഷ് ട്ര സൗഹൃദ മത്സരങ്ങളും ഇതില്‍പെടുമെന്നും അറിയിച്ചു.
ഇനിയൊരു അറിയിപ്പ് പുറപ്പെടുവിക്കുന്നതുവരെ മത്സരങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് യുവേഫ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു കയറിയതോടെയാണ് യുവേഫ അനിവാര്യമായ തീരുമാനത്തിലെത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര ഫുട്ബോള്‍ ലീഗുകളും അനിശ്ചിതമായി നീളുകയാണ്.
കഴിഞ്ഞ ദിവസം യുവേഫ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ 55 അംഗങ്ങള്‍ പങ്കെടുത്തു. നിലവിലെ സാഹചര്യങ്ങളും കളികള്‍ എങ്ങനെ തുടരാമെന്നതും സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി.
കൊറോണ വൈറസ് ഭീഷണി എന്ന് അവസാനിക്കുമെന്നത് സംബന്ധിച്ച് സൂചനയൊന്നുമില്ലാത്തതിനാല് തീയതികളുടെ കാര്യത്തില്‍ തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്. ക്ലബ്ബുകളുടെ ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. സീസണിലെ അവസാന ദിവസം വരെ കളിക്കാരുടെ കരാറുകള്‍ നീട്ടാനുള്ള പദ്ധതികള്‍ ഫിഫ തയാറാക്കിയിട്ടുണ്ട്.
നേരത്തെ ജൂണ്‍ അവസാനത്തോടെയെങ്കിലും മത്സരങ്ങള്‍ പുനരാരംഭിക്കാനായില്ലെങ്കില്‍ ഈ ഫുട്ബോള്‍ സീസണ് മുഴുവന്‍ നഷ്ടമാകുമെന്ന് യുവേഫ തലവന്‍ അലക്സാണ്ടര്‍ സെഫെറിന് വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം നടക്കാനിരുന്ന യൂറോ 2020 ടൂര്‍ണമെന്റും മാറ്റിവയ്ക്കാന്‍ യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. 2021 ജൂണ്‍, ജൂലൈ മാസങ്ങളിലാകും ഇനി ടൂര്‍ണമെന്റ് നടത്തുക.
ചാമ്പ്യന്‍സ് ലീഗും യൂറോപ്പയുമടക്കം ജൂണ്‍വരെയുള്ള എല്ലാ മത്സരങ്ങളും റദ്ദാക്കി
02:01 PM Apr 03, 2020 | Deepika.com