സിബിഎസ്ഇ എട്ടാം ക്ലാസുവരെ പരീക്ഷ കൂടാതെ എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കാൻ തീരുമാനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവച്ച സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയ്ക്ക് നിര്‍ദേശം നല്കി.
9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളെ ഇന്റേണല്‍ അസസ്മെന്റിന്റെ അടിസ്ഥാനത്തിൽ അടുത്ത ക്ലാസിലേക്ക് കയറ്റം നൽകും. സ്കൂള്‍ പ്രോജക്ടുകള്‍, പീരിയോഡിക് ടെസ്റ്റുകള്‍, ടേം പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്തും. എൻസിഇആര്‍ടിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറക്കുമെന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 29 വിഷയങ്ങൾക്കുള്ള പരീക്ഷകളുടെ തീയതികൾ പിന്നീട് അറിയിക്കും. ഈ ഘട്ടത്തിൽ, പരീക്ഷയുടെ പുതിയ സമയക്രമം തീരുമാനിക്കാനും പ്രഖ്യാപിക്കാനും ബോർഡിന് പ്രയാസമാണെന്നും സിബിഎസ്ഇ അറിയിച്ചു.
കൊറോണകാലത്തെ പരീക്ഷണം; സിബിഎസ്ഇ എട്ടാം ക്ലാസുവരെ എല്ലാവരേയും ജയിപ്പിക്കും
08:49 PM Apr 01, 2020 | Deepika.com