കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയും.
തുക എത്രയെന്ന് വെളിപ്പെടുത്താതെയാണ് ഇരുവരും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയിരിക്കുന്നത്. സംഭാവന നല്കുന്ന കാര്യം താരദമ്പതികള്‍ കോഹ്ലിയുടെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കൊറോണ വൈറസ് ബാധമൂലം വിഷമത അനുഭവിക്കുന്ന ജനങ്ങളെ കാണുമ്പോള്‍ ഹൃദയം തകരുകയാണെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ഇരുവരും സംയുക്തമായി മൂന്നു കോടിയോളം രൂപ നല്‍കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
‘പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്കാന് അനുഷ്കയും ഞാനും തീരുമാനിച്ചിരിക്കുന്നു. വളരെയധികം ആളുകള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വേദന കുറച്ചെങ്കിലും മാറ്റിക്കൊടുക്കാന്‍ ഞങ്ങളുടെ ഈ സംഭാവന ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു’’ – കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
സംഭാവന നല്കി കോഹ്ലിയും അനുഷ്കയും
02:56 PM Apr 01, 2020 | Deepika.com