ജില്ലയില്‍ കോവിഡ് -19 ആദ്യം സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിന്റെയും രണ്ടു ബന്ധുക്കളുടെയും പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ ഏഴിനാണ് ഈ അഞ്ചു പേരിലും കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിര്‍ദേശം കൂടുതല്‍ ശക്തമായത്.
ഇറ്റലിയില്‍നിന്നെത്തിയ റാന്നി ഐത്തല സ്വദേശി 55കാരന്റെ സഹോദരനും ഭാര്യയും കഴിഞ്ഞ ആറിന് റാന്നി താലൂക്ക് ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയെത്തിയപ്പോഴാണു സംശയം തോന്നി അന്വേഷണം നടത്തിയത്. ഇറ്റലിയില്‍നിന്നു സഹോദരന്, ഭാര്യ, മകന് അടങ്ങുന്ന കുടുംബവും എത്തിയ വിവരം ഇവരില്‍ നിന്നാണ് ആരോഗ്യവകുപ്പ് അറിഞ്ഞത്.
അന്നുതന്നെ ഇറ്റലിയില്‍നിന്നുള്ള മൂന്നംഗ കുടുംബത്തെയും സഹോദരനെയും സഹോദരിയെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാക്കി. പിറ്റേന്നു രാത്രി ഇവരുടെ പരിശോധനാഫലം വന്നു. പിന്നാലെ ഇവരുടെ കുടുംബത്തിലെ പ്രായമായ മാതാപിതാക്കളെയും ഇവരുമായി നേരില്‍ ബന്ധപ്പെട്ടിരുന്ന മകളും അവരുടെ ഭര്‍ത്താവ് കോട്ടയം ചെങ്ങളം സ്വദേശിയായ യുവദമ്പതികളെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി.
കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കുശേഷം ചെങ്ങളം സ്വദേശികള്‍ കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. വയോധിക മാതാപിതാക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു പരിശോധനാഫലം നെഗറ്റീവാകുകയും മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നവരെ വീടുകളിലേക്കു മാറ്റുകയുള്ളൂ. വീടുകളിലും ഇവര്‍ നിശ്ചിത കാലയളവിലേക്കു നിരീക്ഷണത്തിലാകും.
ഇറ്റലി കുടുംബവുമായി നേരിട്ട് ഇടപഴകി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെയും മകളുടെയും പരിശോധനാഫലം നെഗറ്റീവായിട്ടില്ല. ഇവരുള്‍പ്പെടെ അഞ്ചുപേര്‍ കൂടി കോവിഡ് -19 സ്ഥിരീകരിച്ചു പത്തനംതിട്ടയില്‍ ചികിത്സയിലുണ്ട്.
പത്തനംതിട്ടയില്‍ കോവിഡ് ആദ്യം സ്ഥിരീകരിച്ച ഇറ്റലിക്കാരുടേതുള്പ്പെടെ ഫലം നെഗറ്റീവ്
12:54 PM Mar 30, 2020 | Deepika.com