കോവിഡ്-19 രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായവുമായി രാജ്യത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ). കോവിഡ്-19നെ നേരിടുന്നിതിനുള്ള പോരാട്ടത്തിനായുള്ള സഹായദൗത്യവുമായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയേഴ്സ് നിധിയിലേക്ക് 51 കോടി രൂപയാണ് ബിസിസിഐ സംഭാവന നല്‍കിയത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
“ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്കൊപ്പം മറ്റ് ഭാരവാഹികളും സംസ്ഥാന അസോസിയേഷനുകളും സംയുക്തമായി പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 51 കോടി രൂപ സംഭാവന നല്കാന് തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും കോവിഡിനെതിരായ പ്രതിരോധത്തിനായി നടക്കുന്ന ഗവേഷണങ്ങള്‍ക്ക് കരുത്തു പകരാനും ഇന്ത്യന്‍ ജനതയെ സംരക്ഷിക്കാനുമാണ് ഈ സംഭാവന’’ – ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബിസിസിഐ അതിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളോടും കൂടെച്ചേര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊറോണ വൈറസ് പ്രതിരോധത്തിന് എല്ലാ സഹായവും നല്‍കുമെന്നും ബിസിസിഐ വ്യക്തമാക്കി.
നേരത്തെ, ക്രിക്കറ്റ് താരം സുരേഷ് റെയ്ന 52 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ 25 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് നല്കിയപ്പോള്, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്തു. ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 10 ലക്ഷം രൂപയും കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സംഭാവന നല്കി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് രഹാനെ 10 ലക്ഷം രൂപ നല്‍കുക.
ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരം റിച്ചാ ഘോഷ് ബംഗാള്‍ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി.
ഇര്ഫാന്–യൂസഫ് പഠാന് സഹോദരന്മാര് 4000 മാസ്കുകളാണ് ബറോഡ പൊലീസിന്റെ സഹായത്തോടെ വിതരണം ചെയ്തത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് 50 ലക്ഷം രൂപയും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് 42 ലക്ഷം രൂപയുമാണ് വൈറസിനെതിരായ പോരാട്ടത്തിന് നല്‍കിയത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഒരു കോടി രൂപ കോവിഡിനെതിരായ പോരാട്ടത്തിന് സംഭവാന നല്‍കും. ഇതില്‍ അമ്പത് ലക്ഷം പ്രധാനമന്ത്രിയുടെ സഹായ നിധിയിലേക്കും പകുതി കര്‍ണാക സര്‍ക്കാരിന്റെ സഹായനിധിയിലേക്കുമാണ് നല്‍കുക.
കോടികളുടെ സഹായവുമായി ബിസിസിഐ
11:57 AM Mar 30, 2020 | Deepika.com