കോട്ടയം പായിപ്പാട് കവലയിൽ ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിൽ ഇറങ്ങിയത്. നാട്ടിലേക്ക് തിരികെ പോകാൻ സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ന് ഉച്ചയ്ക്ക് 11.30 മുതലാണ് ആളുകൾ സംഘടിച്ച് എത്താൻ തുടങ്ങിയത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്തതിനേത്തുടർന്ന് പോലീസ് ലാത്തി വീശി.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പി.കെ.സുധീർബാബു സ്ഥലത്തെത്തി ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷണം എത്തിക്കാനുള്ള നടപടികൾ തഹസിൽദാർ ജിനു പുന്നൂസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരുന്നു.
പായിപ്പാട് പ്രദേശത്ത് 167 ക്യാപുകളിലായി എണ്ണായിരത്തോളം പേരാണ് താമസിക്കുന്നത്. ഇതിൽ അയ്യായിരത്തോളം പേർ നാടുകളിലേക്ക് മടങ്ങിയിരുന്നു. 3,500ലേറപ്പേരാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇവരാണ് പ്രകടനമായെത്തിയത്.
പായിപ്പാട്ട് ലോക്ക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ; നാട്ടിൽ പോകണമെന്ന് ആവശ്യം
07:25 PM Mar 29, 2020 | Deepika.com