അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കുമായി വീട്ടിൽനിന്ന് പുറത്തുപോകേണ്ടവർക്ക് ഓണ്‍ലൈനായി സത്യവാംഗ്മൂലം സമർപ്പിക്കാനുള്ള സൗകര്യമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. "കോവിഡ് ജാഗ്രത’ വെബ് ആപ്ലിക്കേഷൻ വഴിയാണ് സത്യവാംഗ്മൂലം സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിരിക്കന്നതെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.
ഇതിനായി kozhikode.nic.in/covid19jagratha എന്ന ലിങ്ക് വഴി വെബ് ആപ്ലിക്കേഷൻ സന്ദർശിച്ച് സത്യവാംഗ്മൂലം എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ മൊബൈൽ നന്പർ നൽകി ഒടിപി സൃഷ്ടിക്കുക. നിങ്ങളുടെ മൊബൈൽ നന്പറിൽ ലഭിച്ച ഒടിപി നൽകിയതിന് ശേഷം ജില്ലാ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വിലാസം, വാഹനം, ഉദ്ദേശം, തീയതി, സമയം, മടങ്ങിവരുന്ന തീയതിയും സമയവും, പോകുന്നത് എവിടെനിന്ന് എവിടേക്ക് എന്നിവ തിരഞ്ഞെടുത്ത് ഫോം സേവ് ചെയ്യുക.
തുടർന്ന് എസ്എംഎസ് ലഭിച്ചതിന് ശേഷം തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സത്യവാംഗ്മൂലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പോലീസും ആവശ്യപ്പെടുന്പോൾ കാണിക്കാം.
സത്യവാംഗ്മൂലത്തിൽ നിസാര ആവശ്യങ്ങളോ തെറ്റായ വിവരമോ നൽകിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കളക്ടർ അറിയിച്ചു.
സത്യവാംഗ്മൂലം ഓണ്‍ലൈൻ വഴി; സൗകര്യമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം
08:20 PM Mar 27, 2020 | Deepika.com