നിസഹായരായ സഹോദരങ്ങളുടെ കണ്ണീർ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. രൂപതയിലെ വൈദികർക്കും സമർപ്പിതർക്കും അല്മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. “നല്ല സമറായൻ കൺട്രോൾ റൂം’’ എന്ന പേരിൽ വിശക്കുന്ന വയറുകൾക്ക് ആഹാരം എത്തിച്ചുകൊടുക്കുന്ന പദ്ധതി യുവദീപ്തി -എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
സഹായം ആവശ്യമുള്ളവർക്കും സഹായിക്കാൻ സന്മനസുള്ളവർക്കും 8086465219, 6238193987 എന്നീ നന്പറുകളിലേക്ക് വിളിക്കാം. ജാതിമതഭേദമില്ലാതെ ഇവരെയൊക്കെ ഫോണിൽ ബന്ധപ്പെട്ട് ആശ്വാസം പകരാനും പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ആവശ്യമുള്ള സഹായങ്ങൾ എത്തിക്കാനും ശ്രദ്ധിക്കണമെന്നും കുടുംബകൂട്ടായ്മ തലങ്ങളിൽ ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഫോണ് വഴിയും സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയും നിർവഹിക്കാൻ ഇടവക വികാരിമാർ ശ്രദ്ധിക്കണമെന്നും മാർ പുളിക്കൽ ഓർമിപ്പിച്ചു.
ഇന്ന് പ്രാർഥനാദിനമായി ആചരിക്കണം. രാത്രി 10.30ന് മാർപാപ്പായോടു ചേർന്നുള്ള ദിവ്യകാരുണ്യ ആരാധനയിൽ ഭവനത്തിലിരുന്നു പങ്കുചേരണം. നമ്മുടെ പ്രാർഥനാ നിയോഗങ്ങൾ 9447980736 എന്ന നന്പറിലേക്ക് വാട്സ്ആപ് സന്ദേശമായി നൽകിയാൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ മാതാക്കൾ പ്രത്യേകം പ്രാർഥിക്കും. യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള പ്രാർഥനാശൃംഖലയിൽ പങ്കുചേർന്ന് പ്രാർഥിക്കാം.
വൈദികരും സന്യസ്തരും ഈ ദിനങ്ങളിൽ തീക്ഷ്ണമായ പ്രാർഥനയിലാണ്. പ്രാർഥന, കൗൺസിലിംഗ് തുടങ്ങിയ കാര്യങ്ങൾക്ക് ഫോണ് വഴി അവരുടെ സഹായം തേടാവുതാണ്. അടിയന്തര സാഹചര്യങ്ങൾ കൂടുതലായി വരുന്ന പക്ഷം രൂപതയുടെ സ്ഥാപനങ്ങളിലെ സാധ്യമായ ഇടങ്ങൾ രൂപതാകേന്ദ്രത്തിന്റെ അറിവോടെ സർക്കാരിന്റെ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും മാർ ജോസ് പുളിക്കൽ സർക്കുലറിൽ നിർദേശിച്ചു.
സഹോദരങ്ങളുടെ കണ്ണീർ വീഴാതിരിക്കാൻ ജാഗ്രത വേണമെന്നു മാർ പുളിക്കൽ
11:26 AM Mar 27, 2020 | Deepika.com