അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കഴിയുന്നവർ ബന്ധുക്കളെ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മനസുകൊണ്ട് കേരളം നിങ്ങൾക്കൊപ്പമുണ്ടെന്നും തത്കാലം കേരളത്തിലേക്കു യാത്രാസൗകര്യങ്ങൾക്കു നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കഴിയുന്നവർ കേരളത്തിലെ ബന്ധുക്കളെ ഓർത്ത് വിഷമിക്കേണ്ടതില്ല. അവരുടെ കാര്യങ്ങളിൽ ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് സർക്കാർ ഒരുക്കിയിട്ടുണ്ട്. അതതതു രാജ്യങ്ങളും സംസ്ഥാനങ്ങളും നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുകയാണ് ഇത്തരക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനസുകൊണ്ട് കേരളം അന്യസ്ഥലങ്ങളിൽ കഴിയുന്നവർക്കൊപ്പമുണ്ട്. നിൽക്കുന്നിടത്തുതന്നെ തുടരുക എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച നിബന്ധന. അതുകൊണ്ട് സംസ്ഥാനത്തുനിന്ന് ജോലി ആവശ്യത്തിനും പഠനത്തിനും പോയവർക്കു തത്കാലം യാത്രാസൗകര്യങ്ങൾക്കു നിവൃത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ അതിഥി തൊഴിലാളികളെ ഇറക്കിവിടാൻ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കില്ല. അവർക്ക് ഉചിതമായ താമസ-ഭക്ഷണ-വൈദ്യ സഹായങ്ങൾ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
"അന്യയിടങ്ങളിൽ കഴിയുന്നവർ വിഷമിക്കരുത്, മനസുകൊണ്ട് കേരളം നിങ്ങൾക്കൊപ്പം’
08:29 PM Mar 26, 2020 | Deepika.com