ദേവികുളം താലൂക്കിലെ നാലു വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കെഡിഎച്ച്, മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളിലാണ് ഇന്നലെ രാവിലെ 10 മുതല്‍ 31 നു അര്‍ധരാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റുകൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഉത്തരവിറക്കിയത്.
വിനോദസഞ്ചാര കേന്ദ്രവും തോട്ടം മേഖലയുമായ മൂന്നാറില്‍ കൊവിഡ്-19 തടയുന്നതിന്റെ ഭാഗമായി ഇവിടേക്കുള്ള എല്ലാവഴികളും കഴിഞ്ഞ ദിവസം അടയ്ക്കുകയും ടൂറിസം പൂര്‍ണമായും നിരോധിക്കുകയും ട്രിപ്പ് ജീപ്പ് സര്‍വീസ് ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍, ഇതു ലംഘിച്ച് വാഹനങ്ങളിലും അല്ലാതെയും ജനങ്ങള്‍ കൂട്ടമായി സഞ്ചരിക്കുകയും കടകളിലും മറ്റും കൂട്ടംകൂടി നില്‍ക്കുകയും തോട്ടങ്ങളിലും എസ്റ്റേറ്റ് ഫാക്ടറികളിലും കൂട്ടമായി തൊഴിലാളികള്‍ ജോലിചെയ്യുന്നതായും കാണിച്ച് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അടിയന്തരമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോവിഡ് ബാധിച്ച ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടെ അഞ്ചുപേര്‍ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ താമസിക്കുകയും പ്രദേശവാസികളുമായി ഇടപഴകുകയും ചെയ്തതിനെത്തുടര്‍ന്ന് സമൂഹ വ്യാപനത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായി കണ്ട് വളരെ ജാഗ്രതയോടെയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
സമൂഹവ്യാപനമുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമാവുമെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ്, തഹസീല്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
ദേവികുളം താലൂക്കില്‍ നാലു വില്ലേജുകളില്‍ നിരോധനാജ്ഞ
04:52 PM Mar 25, 2020 | Deepika.com