മരണഭീതി ഒഴിയാതെ ഇറാനും സ്പെയിനും

08:03 PM Mar 21, 2020 | Deepika.com
കോവിഡ് 19 ഭീതി ഇറാൻ, സ്പെയിൻ രാജ്യങ്ങളെ വിട്ടൊഴിയുന്നില്ല. സ്പെയിനിൽ ഇന്ന് മാത്രം മരിച്ചത് 233 പേരാണ്. ഇതോടെ മരണസംഖ്യ 1,326 ആയി. 3,355 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളിലും മരണനിരക്ക് കുറയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. 939 പേർ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

യൂറോപ്പിൽ ഇറ്റലി കഴിഞ്ഞാൽ അതിവേഗം മരണനിരക്ക് ഉയരുന്ന രാജ്യമാണ് സ്പെയിൻ. രോഗവ്യാപനം തടയാൻ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയെങ്കിലും പുതിയതായി രോഗബാധിതരുടെ എണ്ണം ഏറുകയാണ്.

ഇറാനിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് 123 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,556 ആയി. 20,610 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. നിലവിൽ യൂറോപ്പിന് പുറത്ത് മരണനിരക്ക് ഉയരുന്ന രാജ്യമാണ് ഇറാൻ.

മറ്റൊരു യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ ഇന്ന് 30 പേർ മരിച്ചുവെന്നാണ് കണക്ക്. ഇവിടെ മരണസംഖ്യ 67 ആയി. സ്വിറ്റ്സർലൻഡിൽ ഇന്ന് രണ്ടു പേർ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 58 ആയി.

പോർച്ചുഗൽ-ആറ്, ഡെൻമാർക്ക്-നാല്, ഗ്രീസ്-മൂന്ന്, ലക്സംബർഗ്-മൂന്ന്, ജർമനി-നാല് എന്നിവടങ്ങളിലും ഇന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.