സംസ്ഥാനത്ത് ഇന്നലെ 12 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. ഇതിൽ മൂന്നു പേർ നേരത്തേ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. സംസ്ഥാനത്ത് സാഹചര്യം ഗൗരവതരമായി മാറിയതായും മുഖ്യമന്ത്രി അറിയിച്ചു.
കാസർഗോഡ് ജില്ലയിൽ ആറു പേർക്കും എറണാകുളത്ത് അഞ്ച് വിദേശികൾക്കും പാലക്കാട് ഒരാൾക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ആദ്യമായാണ് വൈറസ് ബാധ കണ്ടെത്തിയത്.യുകെയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി ഇപ്പോൾ കളമശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ദുബായിൽനിന്നു നേരത്തേ എത്തിയ കോവിഡ് ബാധ സ്ഥിരീകരിച്ച ആളിൽ നിന്നാണ് കാസർഗോഡ് ജില്ലയിലെ മറ്റുള്ളവരിലേക്കു രോഗം പകർന്നത്. ഇതേ ആളുമായി രണ്ട് എംഎൽഎമാർ അടുത്ത് ഇടപഴകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർഗോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടത്തെ സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ രണ്ടാഴ്ചയും അടച്ചിടും. കടകളുടെയും ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളുടെയും പ്രവർത്തനസമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെയാക്കി.
സംസ്ഥാനത്തു വിവിധ ജില്ലകളിലായി 44,390 പേരാണു നിരീക്ഷണത്തിലുള്ളത്. ഇവരിൽ 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലുമാണ്. 56 പേരെ ഇന്നലെ ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേർക്ക് രോഗബാധയില്ലെന്നു കണ്ട് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ള 3436 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 2393 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർഗോട്ട് രോഗബാധിതരിൽ നാലുപേർ ബന്ധുക്കള്‍
കാസര്‍ഗോഡ്: ജില്ലയില്‍ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ച ആറു പേരില്‍ മൂന്നു പേര് 17ന് രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ഇവരില്‍ രണ്ടുസ്ത്രീകളും രണ്ടുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. മറ്റുരണ്ടു പേര് കഴിഞ്ഞ 17ന് ഗള്‍ഫില്‍ നിന്ന് വന്നരാണ്. ഇവരില്‍ 52 വയസുള്ള ഒരു വ്യക്തി ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയാണ് വന്നത്. 27 വയസുള്ള മറ്റൊരു യുവാവ് ഇതേദിവസം ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളം വഴിയാണു വന്നത്. ഇവരെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ. എ.വി. രാംദാസ് അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 40 ആയി ; ഇന്നലെ 12 പേർക്ക്
06:13 PM Mar 21, 2020 | Deepika.com