കോവിഡ് 19 നെതിരേയുള്ള മുൻകരുതലിന്റെ ഭാഗമായി ബാങ്ക് ഇടപാടുകാർക്കായി ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
പാസ്ബുക്ക് പതിപ്പിക്കാൻ ബാങ്ക് ശാഖകളിൽ വരണമെന്നില്ല. എല്ലാ ബാങ്കുകൾക്കും മൊബൈൽ മിസ്ഡ് കോൾ കൊടുത്താൽ ബാലൻസ് അറിയാൻ സംവിധാനം ഉണ്ട്. മൊബൈൽ ബാങ്കിംഗ് ആപ്പ് വഴിയും അക്കൗണ്ടിലെ തുക അറിയാം.
വായ്പകളെ കുറിച്ചുള്ള അന്വേഷണം മൊബൈൽ വഴി ആക്കാം. ബാങ്കുകളുടെ വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.
പണം പിൻവലിക്കാൻ എടിഎം ഉപയോഗിക്കുക. ഉപയോഗിക്കുന്നതിനു മുന്‍പും ഉപയോഗ ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ചു കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യണം.
പണം അടയ്ക്കാൻ കഴിയുന്നതും കാഷ് ഡെപ്പോസിറ്റ് മെഷീൻ ഉപയോഗിക്കണം, ശാഖകൾ സന്ദർശിക്കാതെ ശരിദൂരം പ്രാവർത്തികമാക്കുക.
ബാങ്ക് ശാഖകളിൽ കാഷ്യർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തുടങ്ങിയവരിൽ നിന്നും ശരിയായ അകലം പാലിച്ചു മാത്രം ആശയവിനിമയം നടത്തുക. കഴിയുന്നതും മാസ്ക് ഉപയോഗിക്കുക.
കറൻസി നോട്ടുകൾ കഴിയുന്നതും വാങ്ങാതിരിക്കാനും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കുന്നതു വഴി ഇതു പ്രാവർത്തികമാക്കാം. കഴിയുന്ന ഇടങ്ങളിൽ എല്ലാം എടിഎം കാർഡ് പിഒഎസ് മെഷീനിൽ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ശ്രമിക്കുക.
ഓണ്‍ലൈൻ ഇടപാടുകൾ നടത്തുക, പണം അയയ്ക്കാൻ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കുക. ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ എല്ലാ ഇടപാടുകളും നടത്താൻ സംവിധാനങ്ങൾ നിലവിലുണ്ട്.
കഴിയുന്നതും ഇത്തരം സാഹചര്യങ്ങളിൽ ബ്രാഞ്ച് ശാഖ സന്ദർശിക്കാതിരിക്കുക. അഥവാ ബാങ്കിൽ വരേണ്ട അത്രയും പ്രാധാന്യമുള്ള ആവശ്യമുണ്ടെങ്കിൽ മാസ്ക് ധരിക്കുക. ബാങ്ക് ജീവനക്കാരിൽ നിന്നു നിശ്ചിത അകലം പാലിക്കുക.
ബാങ്ക് ഇടപാടുകാർക്കായി മുൻകരുതൽ നിർദേശങ്ങൾ
05:35 PM Mar 20, 2020 | Deepika.com