കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കാൻ ബ്രേക്ക് ദ ചെയിൻ കാമ്പയ്നുമായി കേരള സർക്കാർ. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കാന്പയിൻ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പടർന്നുപിടിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും വായും മൂക്കും തൂവാല കൊണ്ടു മൂടേണ്ടതും ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദി ചെയിൻ കാന്പയിൻ സംഘടിപ്പിച്ചത്.
കാന്പയിന്റെ ഭാഗമായി പൊതുസമൂഹം ആകെ സ്വീകരിക്കേണ്ട നടപടികൾ
സർക്കാർ-അർധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിലെ മേധാവികൾ ചെയ്യേണ്ട കാര്യങ്ങൾ
* ജീവനക്കാരും പൊതുജനങ്ങളും സ്ഥാപനത്തിലേക്കു പ്രവേശിക്കുന്നതിനുമുന്പു ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ, ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ സൗകര്യം ഒരുക്കുക. ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോടു ചേർന്ന് ബ്രേക് ദി ചെയിൻ കിയോസ്കുകൾ സ്ഥാപിക്കുക.
* റസിഡൻഷൽ അസോസിയേഷനുകളും ഫ്ളാറ്റുകളും പ്രവേശന കവാടങ്ങളിൽ ബ്രേക് ദി ചെയിൻ കിയോസ്കുകൾ സ്ഥാപിക്കുക. വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും പ്രവേശിക്കുന്നവർ കൈകളിൽ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പു വരുത്തുക.
* ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ ബ്രേക് ദി ചെയിൻ കാന്പയന്റെ ഭാകമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുക.
* രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ബഹുജന കാന്പയ്നായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവർ നേതൃത്വം നൽകണം.
* ഇതിനായുള്ള ഹാഷ്ടാഗ് (#breakthechain) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം.
* ബഹുഭൂരിപക്ഷം ആൾക്കാരും ഒരേസമയം ഈ കാന്പയ്നിൽ പങ്കെടുത്താൽ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതിൽ കുറയ്ക്കുവാനും പകർച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതിൽ നിയന്ത്രിക്കാനാകും.
കൊറോണയുടെ കണ്ണി മുറിക്കാൻ സർക്കാർ; ബ്രേക് ദി ചെയിൻ കാമ്പയ്നു തുടക്കം
08:40 PM Mar 15, 2020 | Deepika.com