കേരളത്തിൽ രണ്ടു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മൂന്നാറിൽ റിസോർട്ടിൽ താമസിച്ച യുകെ സ്വദേശിയാണ് ഒന്നാമത്തെയാൾ. ഇദ്ദേഹം കളമശേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ഇപ്പോൾ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കോവിഡ്-19 സ്ഥിരീകരിച്ചത്. സ്പെയിനിൽ പഠനാവശ്യത്തിനുപോയി മടങ്ങിവന്ന ഒരു ഡോക്ടറാണ് ഇയാൾ. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.
ഇതോടെ കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. അതിൽ മൂന്നു പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. നിലവിൽ 21 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
141 ലോക രാജ്യങ്ങളിലാണ് കോവിഡ്-19 പടർന്നുപിടിച്ചിട്ടുള്ളത്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 10,655 പേർ വീടുകളിലും, 289 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
രോഗലക്ഷണങ്ങൾ ഉള്ള 2147 വ്യക്തികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 1514 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി അറിയിച്ചു.
രണ്ടുപേർക്കു കൂടി കോവിഡ്-19; ഒരാൾ സ്പെയിനിൽനിന്ന് മടങ്ങിവന്ന ഡോക്ടർ
08:28 PM Mar 15, 2020 | Deepika.com