വിനോദസഞ്ചാരികൾ ബുദ്ധിമുട്ടുണ്ടാക്കാൻ വന്നവരാണെന്ന നിലയിലും ധാരണയിലും പെരുമാറരുതെന്നു മുഖ്യമന്ത്രി. അവർക്കു പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള മോശം പെരുമാറ്റം ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത്. അവർക്കു ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടവരാണ് നമ്മൾ. ഐടി പാർക്കുകളിലും മറ്റും വിദേശത്തുനിന്നു മടങ്ങി വന്നവർക്കുള്ള മാർഗനിർദേശം നൽകിയിട്ടുണ്ട്. ഇവർക്കു രോഗലക്ഷണങ്ങളില്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം വീടുകളിലൊരുക്കണം.
വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കണം. ഇവരോട് അടുത്ത സന്പർക്കം പുലർത്തിയവർക്കും നിരീക്ഷണമേർപ്പെടുത്തണം. രോഗലക്ഷണം കണ്ടാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം.വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർ ഗൗരവം മനസിലാക്കാതെ ഇടയ്ക്കു പൊതുഇടങ്ങളിൽ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതു നല്ല കാര്യമല്ല. അതിനാൽ ഇവർക്കും ബോധവത്കരണം നൽകും. നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യപ്രവർത്തകർ എല്ലാ ദിവസവും ബന്ധപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനവും ഉറപ്പുവരുത്തും.
"വിനോദസഞ്ചാരികളോടു മോശമായി പെരുമാറരുത്'
01:35 PM Mar 15, 2020 | Deepika.com