കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങൾ നിർമിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇത്തരം സന്ദേശങ്ങൾ കണ്ടെത്തി അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷൻ, സൈബർ സെൽ എന്നിവയ്ക്ക് അദ്ദേഹം നിർദേശം നൽകി.
മൂന്നുപേർ കൂടി അറസ്റ്റിൽ
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളും എറണാകുളം സിറ്റിയിലെ ചേരാനെല്ലൂർ, പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെർപ്പുളശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറം സ്വദേശി അബൂബക്കർ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് റൂറലിലെ കാക്കൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസിലാണ് റിചിൻ കൃഷ്ണ, ആദർശ് എന്നിവർ അറസ്റ്റിലായത്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാ കുറ്റംചുമത്തി അറസ്റ്റ് ചെയ്യും
01:32 PM Mar 12, 2020 | Deepika.com