തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള ആറ് പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ദമ്പതികളുടെ വൃദ്ധമാതാപിതാക്കൾക്കും ഇവരെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവന്ന കോട്ടയം സ്വദേശികൾക്കും മറ്റ് രണ്ടു കുടുംബ സുഹൃത്തുക്കൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ദമ്പതികളുടെ വൃദ്ധമാതാപിതാക്കളും വിമാനത്താവളത്തിൽ നിന്നും ഇവരെ കൊണ്ടുവന്ന രണ്ടു ബന്ധുക്കളും കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലാണ് കഴിയുന്നത്. വൃദ്ധ മാതാപിതാക്കൾക്ക് പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങളുണ്ടെന്നും ഓർമക്കുറവുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുടുംബ സുഹൃത്തുകൾ കോഴഞ്ചേരിയിലെ ആശുപത്രിയിലാണ് കഴിയുന്നത്. ഇവരുടെ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ മാത്രം രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ആറ് പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്.
അതിനിടെ കോവിഡ് 19 രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട കളക്ടർ പി.വി.നൂഹ് മുന്നറിയിപ്പ് നൽകി. നാല് സന്ദേശങ്ങൾ ഇതുവരെ സൈബർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ് 19; രോഗബാധിതർ 12
05:44 PM Mar 10, 2020 | Deepika.com