എറണാകുളം ജില്ലയിൽ മൂന്നു വയസുകാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം ആറായി.
ഇറ്റലിയിൽനിന്നും ദുബായ് വഴി മാതാപിതാക്കൾക്കൊപ്പം നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഇവർ നെടുന്പാശേരിയിലെത്തിയത്.
പ്രാഥമിക പരിശോധനയിൽ തന്നെ കുട്ടിക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കുട്ടിയേയും മാതാപിതാക്കളേയും കളമശേരി മെഡിക്കൽ കോളജ് ആശുപ്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിലാണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇകെ 530 ദുബായ് എമിറേറ്റ്സ് വിമാനത്തിലാണ് ഈ കുടുംബം നെടുന്പാശേരിയിൽ എത്തിയത്. ഈ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ വിമാനത്താവള അധികൃതർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.
എറണാകുളത്ത് മൂന്നു വയസുകാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
12:24 PM Mar 09, 2020 | Deepika.com