കൊറോണ ദുരന്തത്തെത്തുടർന്നു ചരക്കുനീക്കം സ്തംഭിച്ച ചൈനയിൽനിന്ന് ആവശ്യമെങ്കിൽ വിവിധ ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മരുന്നു നിർമാണത്തിനുള്ള രാസസംയുക്തകങ്ങളും മറ്റും പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.
എന്നാൽ, സ്വകാര്യ മരുന്നുകന്പനികൾക്കും മറ്റുമായി സാധനങ്ങൾ ചൈനയിൽനിന്നു കൊണ്ടുവരാനുള്ള ചെലവ് അവർതന്നെ വഹിച്ചാലേ സർക്കാർ പദ്ധതി നടപ്പാക്കൂ എന്നു കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഔഷധങ്ങൾക്കാവശ്യമായ രാസസംയുക്തങ്ങളിൽ 68 ശതമാനവും ഇന്ത്യ ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മരുന്നുകൾ നിർമിക്കുന്നതിനുള്ള രാസസംയുക്തങ്ങൾ(ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്) ചൈനയിൽനിന്നു കിട്ടാതായാൽ ഉണ്ടാകാനിടയുള്ള ക്ഷാമം മുന്നിൽക്കണ്ടാണ് നടപടി.
രാജ്യത്തു മരുന്നുകൾക്കു ദൗർലഭ്യം വരാതിരിക്കാൻ നിരവധി ഔഷധങ്ങളുടെ കയറ്റുമതി ഇന്ത്യ കഴിഞ്ഞ ദിവസം നിയന്ത്രിച്ചിരുന്നു. മരുന്നുകൾക്കുവേണ്ടിയുള്ള രാസസംയുക്തങ്ങൾക്കു പുറമേ മറ്റ് അടിസ്ഥാന വസ്തുക്കളുടെ നിർമാണത്തിനാവശ്യമായ ഘടകപദാർഥങ്ങൾ കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നു.
അടുത്ത മാസം വരെയുള്ള മരുന്നു നിർമാണത്തിനുള്ള രാസസംയുക്തങ്ങൾ രാജ്യത്തെ മിക്ക മരുന്നു നിർമാണ ഫാക്ടറികളിലുമുണ്ടെന്നാണ് വിവരം. ഇതിനുള്ളിൽ ചൈനയിൽനിന്നുള്ള ചരക്കു നീക്കം പഴയപടിയാകുമോ എന്നാണ് അറിയേണ്ടത്. ചൈനയിലെ വൈറസ് വ്യാപനം കുറഞ്ഞതായും ഫാക്ടറികളും മറ്റും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെന്നുമാണ് അവിടെനിന്നു വരുന്ന റിപ്പോർട്ടുകൾ.
മൂന്ന് ആഴ്ച മുന്പു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ചൈനയിൽനിന്നുള്ള ചരക്കു നീക്കം നിലച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വ്യവസായ ഉടമകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പണം മുഴുവൻ അടച്ചിട്ടും ചൈനയിൽനിന്നു സാധനങ്ങൾ ലഭിക്കാതായതിനെത്തുടർന്ന് കടുത്ത മൂലധന പ്രതിസന്ധിയിലായ കന്പനികളുടെ പ്രതിനിധികളുമായും സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
ഇത്തരത്തിലുള്ള കന്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇടക്കാല വായ്പകൾ നല്കാൻ ബാങ്കുകളോട് സർക്കാർ ആവശ്യപ്പെട്ടതായാണു വിവരം. പ്രതിസന്ധി പരിഹരിക്കാൻ പൊതുവിലുള്ള പ്രശ്നപരിഹാരം നിശ്ചയിക്കുന്നതിനു പകരം ഓരോ കേസും പ്രത്യേകം പരിഗണിച്ചു നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. വരും ദിവസങ്ങളിലും വിവിധ വ്യവസായ ഉടമകളുമായി സർക്കാർ ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
അവശ്യസാധനങ്ങൾ ചൈനയിൽനിന്നു കൊണ്ടുവരാൻ എയർ ലിഫ്റ്റിംഗ് പരിഗണനയിൽ
12:15 PM Mar 06, 2020 | Deepika.com