കൊറോണ വൈറസ് ബാധ എൺപതു രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ലോകവ്യാപകമായി 3200-ലധികം പേർ മരിച്ചു. 95,000-ലധികം പേർ രോഗികളായി. മൂവായിരത്തോളം മരണങ്ങളും 85,000 രോഗികളും വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ സൗത്ത് ആഫ്രിക്കയും ഉൾപ്പെടുന്നു. സ്വിറ്റ്സർലൻഡ്, ബോസ്നിയ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു.
ഇറ്റലിയിൽ ഫുട്ബോളിനു കാണികൾ വേണ്ട
യൂറോപ്പിൽ രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 107 ആയി. മൂവായിരത്തിലധികം പേർ രോഗികളായി. സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ നടത്തണമെന്നു നിർദേശിച്ചു. ഒരു മാസത്തേക്ക് ഈ നിർദേശം നടപ്പാക്കണം.
ജപ്പാൻ, യുഎഇ, ലബനൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടാൻ തുടങ്ങി.
കൊറിയയിൽ മാസ്ക് കയറ്റുമതി നിരോധിച്ചു
ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് ദക്ഷിണകൊറിയയിലാണ്. 5,766 പേർക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. 33 പേർ മരിച്ചു. രോഗം പകരുന്നതു തടയാൻ സഹായിക്കുന്ന ഫേസ് മാസ്കുകളുടെ കയറ്റുമതി കൊറിയ നിരോധിച്ചു.
യുഎസിൽ മരണം 11; കലിഫോർണിയയിൽ അടിയന്തരാവസ്ഥ
കലിഫോർണിയയിൽ ഒരാൾ മരിച്ചതോടെ യുഎസിലെ മരണസംഖ്യ 11 ആയി. പത്തു മരണവും വാഷിംഗ്ടൺ സംസ്ഥാനത്തായിരുന്നു. ക്രൂസ് കപ്പലിൽ ഉല്ലാസയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ പ്രായംകൂടിയ ആളാണ് കലിഫോർണിയയിൽ മരിച്ചത്. ഇയാൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. 3500 പേരുള്ള കപ്പൽ കലിഫോർണിയ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്.
കലിഫോർണിയ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ, ഫ്ലോറിഡ, ഹവായി സംസ്ഥാനങ്ങളിൽ നേരത്തേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ഫേസ്ബുക് ഓഫീസിലെ ഒരാൾക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഈ ഓഫീസ് ഒന്പതുവരെ അടച്ചു. ജീവനക്കാർ ഈ മാസം അവസാനംവരെ വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും കന്പനി അറിയിച്ചു.
ഇറാനിൽ 107 മരണം, സ്കൂളുകൾ പൂട്ടി
ഇറാനിൽ 107 പേർ മരിച്ചു. രോഗികളുടെ എണ്ണം 2,900. ജനങ്ങൾ കൂട്ടം കൂടുന്ന ചടങ്ങുകൾ ഒഴിവാക്കി. വെള്ളിയാഴ്ച പ്രാർഥന മസ്ജിദുകളിൽ വേണ്ടെന്നുവച്ചു. സ്കൂളുകളും യൂണിവേഴ്സിറ്റികളും ഒരു മാസത്തേക്കു പൂട്ടി.
ലണ്ടൻ ബുക് ഫെയർ റദ്ദാക്കി
യൂറോപ്പിൽ ഒട്ടനവധി രാജ്യങ്ങളിൽ രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 87 ആയി. പ്രസിദ്ധ പുസ്തകോത്സവമായ ലണ്ടൻ ബുക് ഫെയർ റദ്ദാക്കി.
ഹസ്തദാനം വേണ്ട, നമസ്തേ മതിയെന്ന് നെതന്യാഹു
ഇസ്രയേലിൽ രോഗബാധിതരുടെ എണ്ണം 15 ആയി. രാജ്യവ്യാപകമായി യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. പരസ്പരം അഭിവാദ്യം ചെയ്യാൻ, ഹസ്തദാനത്തിനു പകരം ഇന്ത്യൻ മാതൃകയിൽ നമസ്തേ പറയുന്നതാണ് ഉചിതമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജനങ്ങളോടു നിർദേശിച്ചു.
എൺപതു രാജ്യങ്ങളിൽ കൊറോണബാധ
12:01 PM Mar 06, 2020 | Deepika.com