ഓണത്തെ വരവേൽക്കാൻ ഇന്ദ്രപ്രസ്ഥത്തിന്‍റെ തിരുമുറ്റത്ത് തിരുവാതിരകളിയുമായി ഡിഎംഎ

06:17 AM Aug 26, 2022 | Deepika.com
ന്യൂഡൽഹി: തിരുവോണത്തെ വരവേൽക്കാൻ ഇന്ദ്രപ്രസ്ഥത്തിന്‍റെ തിരുമുറ്റത്ത് തിരുവാതിരകളിയുടെ അരങ്ങൊരുക്കുകയാണ് ഡൽഹി മലയാളി അസോസിയേഷൻ. മലയാളത്തിന്‍റെ തനതു കലാരൂപമായ തിരുവാതിരകളി മത്സരത്തോടെ ഡൽഹിയിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്നു.

ഓഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം 4 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹിയിലെ ആസ്വാദകർക്കായി 11 ടീമുകളാണ് തിരുവാതിരകളി മത്സരത്തിനായി അണി നിരക്കുന്നത്. മയൂർ വിഹാർ ഫേസ്-1, ദ്വാരക, ആർകെ പുരം, വികാസ്പുരി - ഹസ്തസാൽ , ദിൽഷാദ് കോളനി, അംബേദ്കർ നഗർ - പുഷ്പ് വിഹാർ, മയൂർ വിഹാർ ഫേസ്-3, കരോൾ ബാഗ് - കൊണാട്ട് പ്ലേസ്, രജൗരി ഗാർഡൻ, വസുന്ധര എൻക്ലേവ്, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎ ഏരിയകളിലെ പ്രഗത്ഭരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഒന്നാം സ്ഥാനക്കാർക്കു ട്രോഫിയും അമ്മു മെമ്മോറിയൽ ക്യാഷ് അവാർഡായ 15,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫിയും യഥാക്രമം 10,000, 7,500 രൂപ എന്നിങ്ങനെ സമ്മാനമായി നൽകും. നാലും അഞ്ചും സ്ഥാനക്കാർക്കു 2,000 രൂപ വീതം പ്രോൽസാഹന സമ്മാനവും ഉണ്ടാവും. സെപ്റ്റംബർ 4 ഞായാറാഴ്ച വൈകുന്നേരം 5 മുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാവും സമ്മാനങ്ങൾ വിതരണം ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കെജെ, വൈസ് പ്രസിഡന്‍റും ഓണാഘോഷ പരിപാടികളുടെ കണ്‍വീനറുമായ മണികണ്ഠൻ കെവി എന്നിവരുമായി 9810791770, 9810388593 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.