നിലന്പൂർ: കെഎൻജി റോഡിൽ നിലന്പൂർ ജനതപ്പടിയിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ തോടിന് അടിയന്തരമായി പാർശ്വഭിത്തി നിർമിക്കണമെന്നു യൂത്ത് ലീഗ് നിലന്പൂർ മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. അശാസ്ത്രീയമായി റോഡ് ഉയർത്തിയതു കാരണം വിദ്യാർഥികൾ അടക്കമുള്ള കാൽ നടയാത്രക്കാരും വാഹനങ്ങളും ദുരിതത്തിലാണ്. വലിയ അപകടങ്ങൾ സംഭവിക്കുന്നതു വരെ കാത്തുനിൽക്കാതെ അടിയന്തരമായി പാർശ്വഭിത്തികൾ നിർമിച്ച് യാത്രക്കാരുടെയും പ്രദേശത്ത് ജനങ്ങളുടെയും ആശങ്ക അകറ്റണമെന്നും യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മൽ അണക്കായി, ജനറൽ സെക്രട്ടറി ഷുഹൈബ് മുത്തു, ശിഹാബ് ഇണ്ണി, ബക്കർ ചീമാടൻ, അജ്മൽ ബിച്ചു, കളത്തിങ്ങൽ ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.