രക്തദാനവും സൗജന്യ വൈദ്യ പരിശോധനയും

12:40 PM Mar 23, 2022 | Deepika.com
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ-കിഡ്വായ് നഗർ ഏരിയയുടെയും ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി (എയിംസ്) ന്‍റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാനവും സൗജന്യ വൈദ്യ പരിശോധനയും നടത്തി.

ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടികൾ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്‍റ് ഡോ. ഡി. പ്രഭാകരൻ, എയിംസ് പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് ആൻഡ് എപ്പിഡെമിയോളജിസ്റ്റ് ഡോ. പ്രവീൺ പ്രദീപ് എന്നിവർ അവബോധന ക്ലാസുകൾ നയിച്ചു. എയിംസിലെ എ.എസ് . അഞ്ജു രക്ത ദാന ക്യാമ്പിനും ഡോ. ശ്യാം ഷാജി സൗജന്യ ചികിത്സക്കും നേതൃത്വം നൽകി

ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, അഡിഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ഇന്‍റർനാഷണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ചെയർമാൻ സുനിൽ കുമാർ, സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ട്രഷറർ ഉണ്ണിത്താൻ, വിമൻസ് വിംഗ് ജോയിന്‍റ് കൺവീനർ പി.കെ. സുകന്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രക്ത ദാതാക്കൾക്ക് ഡിഎംഎ വിനയ് നഗർ -കിഡ്വായ് നഗർ ഏരിയ പുരസ്കാരങ്ങളും നൽകി.

റെജി നെല്ലിക്കുന്നത്ത്