പുന്നംപറന്പ്: കൊന്പ് വാദന കലാകാരൻ മച്ചാട് രാമചന്ദ്രനെ ജന്മനാട് വീരശൃംഖലയും, സുവർണമുദ്രയും നൽകി ആദരിച്ചു. "രാമചന്ദ്രം' സമാദരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വീരശൃംഖല കൊച്ചി രാജവംശം രാമഭദ്ര തന്പുരാനും, പട്ടും വളയും കോഴിക്കോട് സാമൂതിരി കോവിലകത്തെ പി.കെ. കുട്ടിയേട്ടൻ രാജയും, സുവർണ മുദ്ര അവണപ്പറന്പ് മന ഡോ. എം.എൻ. ശങ്കരൻ നന്പൂതിരിയും ചാർത്തി. രാവിലെ നടന്ന ആചാര്യ പ്രണാമം അരീക്കര ഇല്ലം കൃഷ്ണകുമാർ ഇളയത് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം പ്രകാശൻ അധ്യക്ഷത വഹിച്ചു. മണലിത്തറ അയ്യപ്പൻ കാവ് തന്ത്രി പനാവൂർ ദിവാകരൻ നന്പൂതിരി സന്നിഹിതനായിരുന്നു.