പെരുമ്പാവൂര്‍: തങ്ങള്‍ ഓടിക്കളിച്ച അക്ഷരമുറ്റത്തിന് അലങ്കാരമായി കളിവഞ്ചി നിര്‍മിച്ച് നല്കി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ. പെരുമാനി ഗവ. യുപി സ്കൂളില്‍ 83-90 കാലഘട്ടത്തില്‍ ഏഴാം ക്ലാസ് വരെ പഠിച്ച വിദ്യാര്‍ഥികള്‍ രൂപീകരിച്ച ചങ്ങാതികൂട്ടം എന്ന സൗഹൃദകൂട്ടായ്മയാണ് വിനോദോപകരണം നിര്‍മിച്ച് നല്‍കിയത്. 60 പേരോളം വരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാലയാങ്കണത്തില്‍ ഒത്തുകൂടിയപ്പോള്‍ എടുത്ത തീരുമാനപ്രകാരം സ്കൂള്‍ പ്രധാനാധ്യാപിക സുമ, ഓമന, ആശ, ലെന്‍സി തുടങ്ങിയ അധ്യാപികമാരുടെയും സാന്നിധ്യത്തില്‍ സ്ലൈഡര്‍ സ്കൂളിന് കൈമാറി. സ്ലൈഡറിനൊപ്പം മറ്റ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഒരുക്കിയ ഹൈടെക് ഇരിപ്പിടങ്ങളും കളിയൂഞ്ഞാലുകളും കൂടിയായപ്പോള്‍ സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി.