ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നൽകുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്ക്കാരവും പ്രഥമ സന്തോഷ്സ്മൃതി പുരസ്കാരവും സമ്മാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ സുദർശൻ പുരസ്കാരം സമ്മാനിച്ചു. സമിതി പ്രസിഡന്റ് സി. സുധാകരൻ അധ്യക്ഷനായി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ ദീർഘനാളത്തെ സെക്രട്ടറി ആയിരുന്ന മാങ്ങാറി ശിവദാസന് ശ്രീശാസ്താ പുരസ്കാരവും അന്പതുവർഷമായി ചാത്തക്കുടം ക്ഷേത്രത്തിൽ പാരന്പര്യ കഴകവൃത്തിക്കാരനായി സേവനം ചെയ്യുന്ന ചാത്തക്കുടത്ത് വാരിയത്ത് സി.വി. ഹരിദാസന് പ്രഥമ സന്തോഷ്സ്മൃതി പുരസ്കാരവും സമ്മാനിച്ചു. ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ സി.വി. സഞ്ജീവ്, കെ.എം. നിധിൻ, പി. എസ്. അഭിനവ് കൃഷ്ണ എന്നിവർക്ക് സുവർണമുദ്രയും പ്രശസ്തിപത്രവും സമ്മാനിച്ചു. ടി. വേണുഗോപാൽ രചിച്ച ആറാട്ടുപുഴ പൂരം നാൾവഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് സമിതി സെക്രട്ടറി കെ. രഘുനന്ദനന് നൽകി നിർവഹിച്ചു.