നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ തൂപ്പൻകാവ് ചിറയിൽ നിന്ന് വെള്ളം ലഭിക്കാത്തു മൂലം 10 ഹെക്ടറോളം നിലത്തെ നെൽകൃഷി ഉണങ്ങി നശിച്ചു. നെല്ലായി തൂപ്പൻകാവ് പാടശേഖരത്തെ കതിരുവന്ന നെൽച്ചെടികളാണ് ഉണങ്ങിനശിച്ചത്. തൂപ്പൻകാവ് ചിറയിൽ സംഭരിച്ചുനിർത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷിയിറക്കാറുള്ളത്. വേനൽക്കാലത്ത് ചിറയിലെ ജലനിരപ്പ് താഴുന്പോൾ ചാലക്കുടി ഇറിഗേഷൻ പദ്ധതിക്കു കീഴിലെ ബ്ലാച്ചിറ കനാൽ വഴി വെള്ളം തുറന്നുവിട്ടാണ് ചിറ നിറക്കാറുള്ളത്. എന്നാൽ ഇത്തവണ ബ്ലാച്ചിറ കനാൽ വഴി വേണ്ടത്ര വെള്ളം ലഭ്യമാക്കാതിരുന്നതാണ് കർഷകർക്ക് വിനയായത്.