കയ്പമംഗലം : ബൈക്ക് മോഷണ കേസിലെ പ്രതികളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കൂളിമുട്ടം സ്വദേശി ആലിപ്പറന്പിൽ അൽത്താഫ് (19), അഴീക്കോട് സ്വദേശി അടിമപ്പറന്പിൽ ഷിഫാസ് (20) എന്നിവരെയാണ് മതിലകം ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പോലീസ് പട്രോളിങ്ങിനിടെ മതിലകത്ത് വച്ചാണ് ഇവർ പിടിയിലായത്. നന്പർ പ്ലെയ്റ്റ് ഇല്ലാത്ത ബൈക്കിൽ പോകുന്നത് കണ്ട് പിന്തുടർന്നെത്തിയ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയ ബൈക്കാണെന്ന് അറിയുന്നത്. ഇക്കഴിഞ്ഞ 17ന് എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുമാണ് ഇവർ ആഡംബര ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് മോഷണം പോയതിന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ മോഷ്ടിച്ച മറ്റൊരു ബൈക്ക് വെള്ളാങ്കല്ലൂരിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ട്. എസ്ഐ ശ്രീലാൽ, അഡീഷ്ണൽ എസ്ഐ ഉണ്ണികൃഷ്ണൻ, സിപിഒമാരായ ഷിഹാബ്, ഷിജു, സതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.