തൃശൂർ: ഖേലോ ഇന്ത്യ പ്രോഗ്രാമിനോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വെയ്റ്റ് ലിഫ്റ്റിംഗ് മത്സരം നടത്തുന്നു. 31ന് രാവിലെ 9.30ന് സെന്റ് മേരീസ് കോളജിൽ റൂറൽ എസ്പി ഐശ്വര്യ ദോഗ്രെ ഉദ്ഘാടനം ചെയ്യും. മത്സരത്തിന് ജില്ലയിലെ എല്ലാ വനിതകൾക്കും ക്ലബ് മുഖേനയോ വ്യക്തിപരമായോ പങ്കെടുക്കാം. ഫീസ് നൽകേണ്ടതില്ല. വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിക്കും. 10 വിഭാഗങ്ങളിലായി എഴുപതോളംപേർ പങ്കെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ടീമിന് ചാന്പ്യൻഷിപ്പും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് റണ്ണേഴ്സ് അപ്പും, ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് ബെസ്റ്റ് ലിഫ്റ്റർ ട്രോഫിയും സമ്മാനിക്കും. സ്പോർട്സിൽ വനിതകളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനു സ്പോർട്സ് അതോററ്റി ഓഫ് ഇന്ത്യയുടെയും, ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യയിൽ 10 ഇനങ്ങളിൽ 10 നഗരങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നതെന്ന് ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എ.യു. രഘുരാമൻ പണിക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ നിന്നും വെയ്റ്റ് ലിഫ്റ്റിംഗിൽ ദേശീയ- അന്തർദേശീയതലത്തിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കും. ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ജോപോൾ ചിരിയങ്കണ്ടത്ത്, ടി.ടി. ജെയിംസ്, ചിത്ര ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.