കൊച്ചി: ഒഡീഷ സ്വദേശിയെ കാറില്‍ ബലമായി പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയത് പണം നല്‍കിയിട്ടും കഞ്ചാവ് തരാത്ത വിരോധത്തിലെന്ന് കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാം പ്രതി ഹീരാലാല്‍. തേവരയിലുളള യുവരാജ് ബാറിലെ തൊഴിലാളിയായ ഒഡീഷ സ്വദേശിയെയാണ് ഹീരാലാല്‍ അടക്കമുള്ള പ്രതികള്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിച്ചത്. കഞ്ചാവ് എത്തിച്ചു കൊടുക്കാമെന്നു പറഞ്ഞതിന്റെ പേരില്‍ പ്രതികള്‍ 40,000 രൂപ നല്‍കിയെങ്കിലും പിന്നീട് കഞ്ചാവ് ലഭിച്ചില്ല. ഇതിന്റെ വൈരാഗ്യം മൂലമാണ് ഒഡീഷ സ്വദേശിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലില്‍ ഹീരാലാല്‍ സമ്മതിച്ചതായി എറണാകുളം സൗത്ത് സിഐ എം.എസ് ഫൈസല്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.