ന്യൂഡൽഹി: ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോസസ് നൈൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ മലയാളം വിഭാഗം സീനിയർ ലാംഗ്വേജ് സ്പെഷ്യലിസ്റ്റായി ആറ് വർഷം സേവനം പൂർത്തിയാക്കിയ പി.വി. ജോസഫ് ഒൗദ്യോഗിക സർവീസിൽ നിന്ന് വിരമിച്ചു.
വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്ന ഇന്ത്യയിലെ മുൻനിര കന്പനികളിൽ ഒന്നായ പ്രോസസ് നൈൻ ടെക്നോളജീസിൽ 2015 സെപ്റ്റംബറിലാണ് ചേർന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ, പേടിഎം, ബജാജ് ഫൈനാൻസ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഫ്ളിപ്കാർട്ട്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഡിഷ് ടിവി എന്നിങ്ങനെ പൊതുമേഖലയിലെയും, സ്വകാര്യമേഖലയിലെയും നിരവധി പ്രമുഖ കന്പനികളുടെ വെബ്സൈറ്റുകളും ആപ്പുകളും മലയാളത്തിലേക്ക് ലോക്കലൈസ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു.
മാനേജ്മെൻറും സ്റ്റാഫും സെപ്റ്റംബർ 30ന് വെർച്വൽ മീറ്റിംഗിലൂടെ ഉൗഷ്മളമായ യാത്രയയപ്പു നൽകി. ഡൽഹിയിൽ 30 വർഷം പൂർത്തിയാക്കിയ ജോസഫ് ആകാശവാണിയുടെ ഡൽഹി നിലയത്തിൽ 20 വർഷത്തിലേറെ മലയാളം ന്യൂസ് റീഡറായി പ്രവർത്തിച്ചു. ഡൽഹിയിൽ നിന്ന് മലയാളം വിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങൾ സജീവമായപ്പോഴാണ് ഗുഡ്ഗാവിലെ കന്പനിയിൽ ചേർന്നത്.
റെജി നെല്ലിക്കുന്നത്ത്
സർവീസിൽ നിന്ന് വിരമിച്ചു
09:12 PM Oct 03, 2021 | Deepika.com