മൂവാറ്റുപുഴ: മുറിക്കൽ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് വില നിർണയ റിപ്പോർട്ട് പരിശോധിക്കുന്നതിന് മൂവാറ്റുപുഴയിൽ ഉന്നതതല സംഘം എത്തി. എറണാകുളം എൽഎ ഡെപ്യൂട്ടി കളക്ടർ പി.ബി. സുനി ലാലിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനയ്ക്കെത്തിയത്. പാലത്തിന്റെ അപ്രോച്ച് റോഡ്, ബൈപാസ് അനുബന്ധ സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് സംഘം വില നിർണയ റിപ്പോർട്ടിൽ കൂടുതൽ പരിശോധനകൾ നടത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന മുഴുവൻ ആധാരങ്ങളും പരിശോധിച്ചാണ് വില നിർണയിച്ചത്. വാലുവേഷൻ അസിസ്റ്റന്റ് എം.കെ. സജീവൻ, റവന്യൂ ഇൻസ്പെക്ടർ ഷീന പി. മാമ്മൻ, സിന്ധു (എച്ച്.സി), ഉദ്യോഗസ്ഥരായ ഷിബു നായരന്പലം, ദീപ ലിസ്മണ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.