കൂത്താട്ടുകുളം: യുവതി-യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കി ആപ്ത മിത്ര പദ്ധതിയുമായി കേരള ഫയർ ആന്‍ഡ് റെസ്ക്യൂ സർവീസസ്. പൊതുജനങ്ങൾക്ക് തദ്ദേശീയമായി സേവനം ലഭ്യമാക്കുന്നതിന് ഫയർഫോഴ്സിനെ സഹായിക്കുക, അപകടം നിലയത്തിൽ അറിയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വോളന്റിയർമാർക്ക് പരിശീലനം നൽകുന്നത്. സന്നദ്ധ സേവന തൽപ്പരരായവരും ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും 18നും 40 നും ഇടയിൽ പ്രായമുള്ളവരുമായ സ്ത്രീ പുരുഷന്മാരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്ന പരിശീലനാർഥികൾക്ക് പരിശീലന കാലയളവിൽ ഭക്ഷണം വൈദ്യസഹായം എന്നിവ ഉണ്ടായിരിക്കും. 12 ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്ന പരിശീലനാർഥികൾക്ക് പ്രചോദന സഹായം എന്ന നിലയിൽ 2400 രൂപ നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യൂണിഫോം, അടിയന്തര പ്രതികരണ കിറ്റ്, സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ഇൻഷ്വറൻസ് പരിരക്ഷ എന്നിവ കെഎസ്ഡിഎംഎയിൽനിന്ന് ലഭിക്കും താൽപ്പര്യമുള്ളവർ കൂത്താട്ടുകുളം അഗ്നിരക്ഷാ നിലയത്തിൽ ബയോഡേറ്റ, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവയുമായി നേരിട്ട് ഹാജരാക്കണമെന്ന് സ്റ്റേഷൻ ഓഫീസർ ആർ. അഭിജിത്ത് അറിയിച്ചു. ഫോണ്‍: 9496055108, 0485 2275103.