പെരിന്തൽമണ്ണ: ജില്ലയ്ക്കകത്തും പുറത്തുമുള്ള അന്‍പതിലധികം ഡോക്ടർമാർക്കും നഴ്സുമാർക്കുമായി പെരിന്തൽമണ്ണ കിംസ് അൽശിഫ മെഡോറ വിഭാഗത്തിന്റെ കീഴിൽ നവജാത ശിശുക്കളുടെയും മാതാവിന്റെയും മെഡിക്കൽ- സർജിക്കൽ മേഖലയിൽ വന്നിട്ടുള്ള നൂതന ചികിത്സാരീതികളെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. ഏകദിന ശിൽപശാലയിൽ വിവിധ ഘട്ടങ്ങളിലായി 14 പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. ശിൽപ്പശാലയുടെ ഉദ്ഘാടനം കിംസ് അൽശിഫ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീന്റെ അധ്യക്ഷതയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ പ്രഫസറും നവജാതശിശുരോഗ വിഭാഗം മേധാവിയുമായ ഡോ. വി.സി മനോജ് നിർവഹിച്ചു. പെരിന്തൽമണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. ഷാജി ഗഫൂർ, മലപ്പുറം എൻഎൻഎഫ് പ്രസിഡന്റ് ഡോ. എം.എം രാമദാസ്, മലപ്പുറം ഐഎപി പ്രതിനിധി ഡോ. കെ.കെ. ജോഷി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നയൻതാര, ഫീറ്റൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. സന്തോഷ്കുമാർ, പെരിന്തൽമണ്ണ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ്് ഡോ. കെ.യു. കുഞ്ഞിമൊയ്തീൻ എന്നിവർ പങ്കെടുത്തു. പെരിന്തൽമണ്ണ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി, നാഷണൽ നിയോനാറ്റോളജി ഫോറം, ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് എന്നിവയായിരുന്നു സംഘാടകർ. കിംസ് അൽശിഫ നിയോനാറ്റോളജിസ്റ്റ് ഡോ. മൊയ്തീൻബാബു സ്വാഗതവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സാജൻ നന്ദിയും പറഞ്ഞു.