മലപ്പുറം: ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകൾ പൊതു വിതരണ രംഗത്തോടു കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ചും ഇപോസ് മെഷീനുമായി ബന്ധപ്പെട്ടു റേഷൻ വ്യാപാരികളെ അപമാനിക്കുന്നതരത്തിൽ നിയമസഭയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ നടത്തിയത്. കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി എം. മണി ഉദ്ഘാടനം ചെയ്തു. തിരൂരിൽ ജില്ലാ പ്രസിഡന്റ് കെ ഉണ്ണി, തിരൂരങ്ങാടിയിൽ താലൂക്ക് പ്രസിഡന്റ് പി. ബഷീർ, നിലന്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുഹമ്മദ്, പെരിന്തൽമണ്ണയിൽ പി. മോയിൻ എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.