ചാലക്കുടി: സെന്റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ് തിരുനാളിനോടനുബന്ധിച്ച് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്പ് പ്രദക്ഷിണങ്ങൾ നടത്തും. ഇന്നു രാവിലെ ഒന്‍പതിന് പള്ളിയിൽ നിന്നും അന്പ്എഴുന്നള്ളിപ്പ് ആരംഭിച്ച് സൗത്ത് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ എഴുന്നള്ളിച്ച് വയ്ക്കും. വൈകിട്ട് ഏഴിന് സൗത്ത് ജംഗഷനിൽ ഒരുക്കിയ കമനീയമായ പന്തലിൽ നിന്നും അന്പ് പ്രദക്ഷിണം ആരംഭിക്കും. മെയിൻ റോഡിലൂടെ അന്പ് പ്രദക്ഷിണം രാത്രി പത്തിന് പള്ളിയിൽ സമാപിക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് പള്ളിയിൽ നിന്നും അന്പ് എഴുന്നള്ളിച്ച് മാർക്കറ്റ് റോഡ്, നോർത്ത് ജംഗ്ഷൻ, ആനമല ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നു. വൈകിട്ട് നാലിന് വ്യാപാരഭവനു മുൻപിൽ സൗഹൃദ ബാന്റ് സെറ്റ് മത്സരം. വൈകിട്ട് ഏഴ് സ്റ്റേജുകളിലായി നഗരക്കാഴ്ച, കലാപ്രകടനങ്ങൾ അവതരിപ്പിക്കും. വൈകിട്ട് 7.30 ന് വെള്ളിക്കുളം ജംഗ്ഷനിൽ ഒരുക്കിയ പന്തലിൽ നിന്നും മതസൗഹാർദ സമ്മേളനത്തിന് ശേഷം ടൗണ്‍ അന്പ് പ്രദക്ഷിണം ആരംഭിക്കും. നയന മനോഹരമായ രഥത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചു കൊണ്ട് ബാന്‍ഡ് വാദ്യമേളങ്ങളുടെ അകന്പടിയോടെ നടത്തുന്ന ടൗണ്‍ അന്പ് പ്രദക്ഷിണം രാത്രി 11.30 ന് പള്ളിയിൽ സമാപിക്കും. തുടർന്ന് വർണ്ണ മഴ ഉണ്ടാകും.