മലയാളം മിഷന്റെ കീഴിൽ കഴിഞ്ഞ പതിമൂന്നു വർഷക്കാലമായി പ്രവാസികളായ മലയാളികളുടെ കുട്ടികൾക്കും മുതിർന്നവർക്കും മലയാളം പഠനക്ലാസ് സ്തുത്യർഹമായ രീതിയിൽ നടത്തി വരികയാണ് കലാകേരളം.
പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കലാകേരളം പ്രസിഡന്റ് ബാബു നന്പ്യാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സെന്റ് ജോണ്‍സ് സ്കൂൾ ചെയർമാനും പള്ളി വികാരിയുമായ റവ. ഫാ. അജി കെ ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. കലാകേരളം രാഷാധികാരിയും ഡൽഹി മലയാളി അസോസിയേഷൻ പ്രെസിഡന്റുമായ കെ രഘുനാഥ്, മലയാളം മിഷൻ ജോയിന്റ് സെക്രട്ടറി അനില ഷാജി, മലയാളം മിഷൻ കിഴക്കൻ ഡൽഹി മേഖല കോഓർഡിനേറ്റർ പ്രദീപൻ കുണ്ടത്തിൽ, ഡോ ജിതേഷ് ടി കെ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
മലയാളം ക്ലാസ് അധ്യാപകരായ ശ്രീരേഖ പ്രിൻസ് അമൃത മാധവൻ, വിദ്യ സുധീഷ്, ഡോ ഷെറിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്ലേറ്റ്, കല്ലുപെൻസിൽ, ബുക്ക്, പെൻസിൽ, പേനാ, ഇറൈസർ എന്നിവയോടൊപ്പം ചോക്ലേറ്റുമടങ്ങിയ കിറ്റ് നൽകിയാണ് പഠനത്തിനെത്തിയ കുട്ടികളെ സംഘാടകർ വരവേറ്റത്.
പ്രദീപ് സദാനന്ദൻ, എം.എൻ. ഗിരീഷ്, രാജേഷ്, ശശികുമാർ, പ്രീതാ രമേശ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്നു നടന്ന കലാപരിപാടികളിൽ മലയാളം ക്ലാസ് അധ്യാപികയായ അമൃതാ മാധവൻ രചനയും ഈണവും നൽകി ആലപിച്ച കവിത ആസ്വാദക ഹൃദയങ്ങളിൽ നവ്യാനുഭൂതിയായി. കുട്ടികൾ അവതരിപ്പിച്ച കവിതകൾ, ഓണപ്പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി