കൊച്ചി: അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓണ്‍ലൈൻ സേവനം പൊതുജനങ്ങൾക്കു പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷനായ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് ഇതിന്റെ പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കണം. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് എന്ന ഫോം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കണ്ട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.