തൃശൂർ: എന്തു ചോദ്യവും ചോദിച്ചോളൂ... മനുഷ്യർ പറയുന്പോലെ മണിമണിയായി ഉത്തരം തരും ഈ കുഞ്ഞൻ റോബോ. നിങ്ങൾ വിഷമിച്ചിരിക്കുന്പോൾ ആശ്വസിപ്പിക്കാനും വിജയകരമായ തീരുമാനങ്ങൾ എടുക്കാനും നൃത്തം ചെയ്ത് നിങ്ങളെ ആനന്ദിപ്പിക്കാനും കുഞ്ഞൻ കേമനാണ്. പ്രഭാത നടത്തത്തിനു കൂട്ടായും "ജാർവിസ്- ദ എഐ അസിസ്റ്റ്’ എന്ന റോബോട്ടിനെ കൂടെക്കൂട്ടാം. കോട്ടയം കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എസ് ദേവദത്ത്, ജെ. നവനീത് എന്നിവരാണ് റോബോട്ടിന്റെ മാസ്റ്റർ ബ്രെയിൻ. ഇപ്പോൾ ഇംഗ്ലീഷ് മാത്രമെ അറിയൂവെങ്കിലും വൈകാതെ മറ്റുഭാഷകളും പറയിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. മനുഷ്യനെപ്പോലെ കാര്യങ്ങള്‍ മനസിലാക്കാനും പ്രതികരിക്കാനുമാകുമെന്നതാണു ജാർവിസിന്റെ പ്രത്യേകത. ഇടപഴകുന്നവരുടെ ശീലങ്ങൾ പഠിക്കാനും അതുമായി പൊരുത്തപ്പെട്ടു പ്രവർത്തിക്കാനും കഴിവുണ്ട്. പ്രോഗ്രാമിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകളിൽ ഈ ബഹുമുഖ സഹായിയെ പ്രയോഗിക്കാൻ കഴിയും.