മൂവാറ്റുപുഴ: റോഡ് പുനർനിർമിച്ച് തുറന്നു നൽകി. തോട്ടുങ്കൽപീടിക-പണ്ടരിമല റോഡിൽ തകർന്നു കിടന്ന ഭാഗമാണ് പുനർ നിർമിച്ച് തുറന്ന് നൽകിയത്. തുടർച്ചയായി വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് നഗരസഭയുടെ കോമണ്‍ ഫണ്ട് ഉപയോഗിച്ച് ഇന്റർ ലോക്ക് ചെയ്താണ് തുറന്ന് നൽകിയത്. വാർഡിലെ ഏറ്റവും പ്രായം കൂടിയ കിളിയാൾ തേവൻ നാട മുറിച്ച് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതെന്ന് നഗരസഭാംഗങ്ങളായ ജോസ് കുര്യാക്കോസ്, ജോളി മണ്ണൂർ എന്നിവർ പറഞ്ഞു. വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിൽ ടാറിംഗിന് പകരം റോഡ് ഉയർത്തി കട്ട വിരിച്ച് രണ്ടു വശവും കോണ്‍ക്രീറ്റ് ചെയ്തു നീരൊഴുക്കു സുഗമമാക്കുന്ന രീതിയിൽ റോഡ് പ്രവർത്തനയോഗ്യമാക്കണമെന്നായിരുന്നു നഗരസഭാംഗങ്ങൾ നിർദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റർ ലോക്ക് ഉപയോഗിച്ച് റോഡ് പുനർനിർമിച്ചത്. സുബി തടിലക്കുടി, മാത്യൂസ് കരിന്പാനിയിൽ, റിയാസ് മുഹമ്മദ്, ജിജി കുന്നേൽ, റെന്നിച്ചൻ കാക്കനാട്ട്, തോബിയാസ് നടുക്കുടി, രാജേഷ് അലക്സ്, അരുണ്‍ ബാബു, ജോസണ്‍ പുളിക്കകുടി തുടങ്ങിയവർ പ്രസംഗിച്ചു.